കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈബ്രാഞ്ചിനെതിരെ സമന്‍സ് നല്കി സിബിഐ. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഏഴ് തവണ ആവശ്യപ്പെട്ടിട്ടും സിബിഐയ്ക്ക് നല്കാത്തതിനെതിരെയാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. കേസന്വേഷണത്തിലെ അസാധാരണ നടപടിയിലേക്കാണ് സിബിഐ കടന്നിരിക്കുന്നത്.
സി.ആര്.പി.സി. നിയമത്തിലെ 91-ാം വകുപ്പ് പ്രകാരമാണ് സിബിഐ ക്രംബ്രാഞ്ചിന് സമന്‍സ് നല്‍കിയത്. നിയമപരമായി കേസന്വേഷണത്തിന് സിബിഐയ്ക്ക് യാതൊരു തടസവും നിലവിലില്ലെന്ന വസ്തുത നിലനില്‍ക്കെയാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നുള്ള നിസഹരണം. കേസിലെ സിബിഐ അന്വേഷണം എതിര്‍ത്ത് കൊണ്ടുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഒക്ടോബര്‍ 26നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
സംസ്ഥാന ഏജന്‍സിക്ക് ആദ്യമായാണ് കേന്ദ്ര ഏജന്‍സി സമന്‍സ് നല്‍കേണ്ട സാഹചര്യം ഉണ്ടാവുന്നത്. ക്രൈം ബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിന് നേതൃത്വം നല്കിയ ഡി.വൈ.എസ്.പി. പ്രദീപ് കുമാറിന് രണ്ടു ദിവസം മുന്‍പാണ് സി.ബി.ഐ, സി.ആര്.പി.സി. 91-ാം വകുപ്പ് പ്രകാരമുള്ള സമന്‍സ് നല്‍കിയത്.
നേരത്തെ പലതവണ കേസ് ഡയറി സി.ബി.ഐ. ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഹൈക്കോടതിയില്‍ ഈ കേസ് പെന്‍ഡിങ് ആണെന്ന് കാരണം പറഞ്ഞാണ് ആദ്യം നല്‍കാതിരുന്നത്. ഏകദേശം ഒരു വര്‍ഷത്തോളം ഈ കേസ് വിധി പറയാനായി മാറ്റിവെക്കുകയും ഹൈക്കോടതിയില്‍ പെന്‍ഡിങ് ആവുകയും ചെയ്തിരുന്നു.
Content Highlight: CBI issues summons to Crime Branch on Periya Twin Murder