ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മൂന്ന് വയസ്സുകാരിയെ സ്വയം പ്രഖ്യാപിത ആൾ ദൈവം അടിച്ചു കൊന്നു. കർണാടകയിലെ ചിത്രദുർഗ അജിക്യതനഹള്ളി ഗ്രാമത്തിലാണ് ദാരുണ സംഭവം. സംഭവത്തിൽ ആൾദൈവം രാകേഷ്(21), പുരുഷോത്തം(19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചായക്കട നടത്തുന്ന പവീൻ ബേബി ദമ്പതിമാരുടെ മകൾ പൂർവ്വിക ആണ് മരണപെട്ടത്. ഒരാഴ്ചയായി രാത്രി കുട്ടി കരയുന്നതിനെ തുടർന്ന് ബാധ കയറിയതാണെന്ന സംശയത്തോടെ വീട്ടുകാർ കുട്ടിയെ പുരുഷോത്തമിന്റെ അടുത്തെത്തിക്കുകയായിരുന്നു.
മാതാപിതാക്കളുടെ ആവശ്യമനുസരിച്ച് പുരുഷോത്തം കുട്ടിയെ ആൾദൈവം രാകേഷിന്റെ അടുത്തെത്തിക്കുകയായിരുന്നു. ബാധ ഒഴിപ്പിക്കൽ കൂടാതെ ദുർമന്ത്രവാദവും ആൾദൈവം നടത്തിയിരുന്നു. കുട്ടിയുടെ ദേഹത്ത് ബാധ കേറിയതാണെന്നും ഒഴിപ്പിച്ചു തരാമെന്നും പറഞ്ഞ് സ്വയം പ്രഖ്യാപിത ആൾദൈവമായ രാകേഷ് കുട്ടിയെ കുടിലിനകത്തേക്കു കൊണ്ടു പോയി വടി കൊണ്ട് ഒരു മണിക്കൂറോളം അടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചപോഴും മാതാപിതാക്കൾ പുറത്തു നിൽക്കുകയായിരുന്നു. അടി കൊണ്ട് കുട്ടിക്ക് അനക്കമില്ലെന്ന് കണ്ട രാകേഷും പുരുഷോത്തമും കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി.
വീട്ടിലേക്കു കൊണ്ടു പോകാമെന്നും ഉടൻ ബോധം തിരിച്ചു കിട്ടുമെന്നും അറിയിക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടി അനങ്ങാത്തതു കണ്ട് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണ വിവരം അറിഞ്ഞത്. ഈ സമയം രാകേഷും പുരുഷോത്തമും ഒളിവിൽ പോയി. മാതാപിതാക്കൾ പോലീസിനു നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിനും ദുർമന്ത്രവാദത്തിനുമാണ് പ്രതികളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.
Content Highlights; Child allegedly beaten to death by self-styled godman and brother in Karnataka