കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രധാനിയെ കണ്ടെത്തി കസ്റ്റംസ്. നയതന്ത്ര ബാഗേജ് വഴി സംസ്ഥാനത്തെത്തിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചത് ഫൈസലാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കൊടുവള്ളി നഗരസഭാ ഇടതു കൗണ്‍സിലറായ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ടതോടെ ഫൈസലിന്റെ രാജി ആവശ്യപ്പെട്ട് മുസ്ലീംലീഗ് കൊടുവള്ളി സിപിഎം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
കൗണ്‍സിലര്‍ സ്ഥാനം ഫൈസല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം കനക്കുന്നത്. ഓപീസിന് മുന്നിലെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കെ.ടി. റമീസ് നല്‍കിയ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടല്‍ വ്യക്തമായത്. ഇന്നു പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി എന്നാണ് വ്യക്തമാകുന്നത്.
ഇന്ന് ഉച്ചയോടെ ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ് വിവരം. ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുകള്‍ പുറത്തു വരും എന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ബിനീഷ് കോടിയേരിയുടെയും എം.എല്‍.എമാരായ കാരാട്ട് റസാക്കിന്റെയും പി.ടി.എ. റഹീമിന്റെയും അടുത്ത അനുയായികളില്‍ ഒരാളാണ് കാരാട്ട് ഫൈസല്‍. ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തതിലൂടെ കാരാട്ട് റസാക്കും ബിനീഷ് കോടിയേരിയും ഈയൊരു ശൃംഖലയുടെ ഭാഗമാണെന്നും ലീഗ് ആരോപിക്കുന്നു.
Content Highlight: Karat Faisal under customs custody on Diplomatic baggage gold Smuggling case