സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചു. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് 60 ദിവസത്തിന് ശേഷം സ്വപ്നയ്ക്ക് സ്വഭാവിക ജാമ്യം ലഭിച്ചത്. എൻ.ഐ.എ അന്വേഷിക്കുന്ന കേസ് നിലനിൽക്കുന്നതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാൻ കഴിയില്ല.
17 പ്രതികളിൽ 10 പേർക്ക് ജാമ്യം അനുവദിച്ചു. നേരത്തെ രണ്ട് തവണ സ്വപ്നയുടെ ജാമ്യാപേക്ഷ എക്കണോമിക് ഒഫൻസ് കോടതി തള്ളിയിരുന്നു. പിന്നീട് നൽകിയ ജാമ്യാപേക്ഷയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. സ്വപ്നയ്ക്കെതിരെ എൻഫോഴ്മെൻ്റും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്ന സുരേഷ് ഇപ്പോൾ ഉള്ളത്.
സ്വർണ്ണക്കടത്ത് കേസിൽ എഫ്ഐആർ കുറ്റങ്ങൾക്ക് അനുബന്ധമായ തെളിവുകൾ ഹാജരാക്കണമെന്ന് എൻഐഎ കോടതി നിർദേശം നൽകിയിരുന്നു. തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികളെ ജാമ്യത്തിൽ വിടേണ്ടി വരുമെന്ന് കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും പ്രത്യേക പട്ടിക നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
content highlights: Gold smuggling case: Swapna Suresh gets bail