ഐ ഫോൺ വിവാദത്തിൽ തനിക്കതിരെ ആരോപണമുന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ ഫോൺ വിവാദത്തിൽ കോടിയേരി തന്നെ ക്രൂശിക്കാൻ ശ്രമിച്ചുവെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. ദുബായിൽ പോയപ്പോൾ തനിക്കും ഭാര്യക്കുമായി താൻ രണ്ട് ഐ ഫോണുകൾ കാശ് കൊടുത്ത് വാങ്ങിയുട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതായും അതിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഐ ഫോണുകളുമായി ബന്ധപെട്ട് സ്വപ്ന സുരേഷ് പറഞ്ഞ കാര്യങ്ങൾ മാത്രമേ അറിയുകയുള്ളു എന്നും ഫോൺ വിതരണം ചെയ്തത് ആർക്കൊക്കെയാണെന്ന് നേരിട്ട് അറിയില്ലെന്നും സന്തോഷ് ഈപ്പൻ മൊഴി മാറ്റി നൽകിയിരുന്നു. സ്വപ്ന സുരേഷ് ആവശ്യപെട്ടതനുസരിച്ചാണ് ഐ ഫോണുകൾ താൻ വാങ്ങി നൽകിയതെന്നും അത് രമേഷ് ചെന്നിത്തല അടക്കമുള്ളവർക്കാണ് നൽകിയതെന്നും നേരത്തെ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ പറഞ്ഞ നിലപാടാണ് പിന്നീട് വിജിലൻസ് ചോദ്യം ചെയ്തപ്പോൾ മാറ്റി പറഞ്ഞത്. സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.
Content Highlights; Iphone controversy: Chennithala wants Kodiyeri to apologize