ലോക്ക്ഡൗണിലെ തൊഴിലില്ലായ്മ: ഔദ്യോഗിക കണക്ക് പുറത്ത് വിടാതെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനു ശേഷമുള്ള തൊഴിലില്ലായ്മ നിരക്ക് ഔദ്യോഗികമായി പുറത്തു വിടാതെ കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലില്ലായ്മ 28 ശതമാനം വരെ ഉയര്‍ന്നു എന്ന വിലയിരുത്തലിനിടെയാണ് കണക്കുകള്‍ മൂടിവെക്കാനുള്ള കേന്ദ്ര ശ്രമം. 2018-2019 വര്‍ഷത്തെ കണക്കുകള്‍ മാത്രമാണ് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് കേന്ദ്രം നല്‍കുന്ന വിശദീകരണം.

പത്ത് ദിവസം കൊണ്ട് അവസാനിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അമ്പതിലധികം ചോദ്യങ്ങളാണ് തൊഴിലില്ലായ്മ നിരക്ക് ചോദിച്ച് വന്നത്. ബിജെപിയുടെ തന്നെ എംപി രാകേഷ്‌സിംഗിന്റെ ചോദ്യം ലോക്ക്ഡൗണ്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ത്തിയോ എന്നായിരുന്നു. മറുപടിയായി 2018-19ലെ 5.8 ശതമാനം എന്ന കണക്ക് നല്‍കി. ആന്റോ ആന്റണിയും സമാന ചോദ്യം ഉയര്‍ത്തി. മറുപടിയായി കിട്ടിയത് അതേപടി പകര്‍ത്തിയ ഉത്തരം. ഒന്നര വര്‍ഷത്തെ കണക്കുകളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ളത്.

ആസൂത്രണത്തിന് പ്രത്യേക മന്ത്രാലയവും നീതി അയോഗും ഉള്ള സര്‍ക്കാരാണ് തൊഴില്‍ രഹിതരുടെ എണ്ണത്തിനായി പ്രത്യേക കണക്ക് സൂക്ഷിക്കാത്തത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി എന്ന സര്‍ക്കാര്‍ ഇതര സ്ഥാപനത്തിന്റെ കണക്കുകളാണ് സ്വകാര്യ മേഖല ആശ്രയിക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് 27 ശതമാനത്തോളം തൊഴിലില്ലായ്മ നിരക്ക് എത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രധാന അതൃപ്തിക്ക് കാരണമായി സിഫോര്‍ സര്വേ സൂചിപ്പിച്ചതും തൊഴിലില്ലായ്മ ആയിരുന്നു.

Content Highlight: Central Government have no data on Unemployment during lock down