എസ്എൻസി ലാവ്‌ലിന്‍ അഴിമതി കേസ് പരിഗണിക്കുന്നത് ഒക്ടോബർ 16ലേക്ക് മാറ്റി. കേസിൽ സിബിഐ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചിൻ്റെതാണ് തീരുമാനം. വിചാരണ കോടതിയും ഹെെക്കോടതിയും പിണറായി വിജയൻ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും കേസിൽ ശക്തമായ വാദവുമായി വന്നാൽ മാത്രമെ ഇടപെടൽ ഉണ്ടാവുകയുള്ളുവെന്നും സുപ്രീം കോടതി പറഞ്ഞു.
സിബിഐക്ക് വേണ്ടി തുഷാർ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയും ഹാജരായി. പിണറായി വിജയൻ ഉൾപ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹെെക്കോടതി വിധി തെറ്റെന്ന് തുഷാർ മേത്ത വാദിച്ചു. എന്നാൽ ഈ കാര്യത്തിൽ ശക്തമായ വാദമായിരിക്കണം സിബിഐ ഉയർത്തേണ്ടതെന്ന് കോടതി വ്യക്തമാക്കി. എസ്എൻസി ലാവ്‌ലിന്‍ കേസിൽ നിന്ന് തിരുവനന്തപുരത്തെ സിബിഐ കോടതിയാണ് പിണറായി വിജയൻ്റെ പേര് പ്രതിപട്ടികിൽ നിന്ന് ഒഴിവാക്കിയത്. ഇതിനെതിരെ സിബിഐ കേരള ഹെെക്കോടതിയിൽ അപ്പീൽ നൽകിയിരുന്നുവെങ്കിലും ഹെെക്കോടതി വിധി തള്ളുകയായിരുന്നു. പിന്നീടാണ് സുപ്രീം കോടതിയെ സമീപിച്ചത്.
content highlights: supreme court postponed snc lavalin case plea