തിരുവനന്തപുരം: യൂട്യൂബിലൂടെ അശ്ലീളം പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ പ്രതിഷേധം അറിയിച്ച ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം തള്ളി. വിജയ് പി നായരെ വീട്ടില്‍ കയറി പ്രതിഷേധിച്ചതിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു.
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മൂവരും വിജയ് പി നായരെ കൈയേറ്റം ചെയ്തത്. കേരളത്തിലെ ഫെമിനിസ്റ്റുകളെ ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോ. ഇയാളെ കരിയോയില്‍ പ്രയോഗം നടത്തിയ ശേഷം പലവട്ടം മുഖത്തടിക്കുകയും ചെയ്തിരുന്നു.
പൊലീസില്‍ പരാതിപെട്ട് നടപടി സ്വീകരിക്കാത്തതോടെയാണ് ഇവര്‍ ഇയാളെ വീട്ടില്‍ കയറി കൈയേറ്റം ചെയ്തത്. പിന്നാലെ സൈനികരെ അപകീര്‍ത്തിപ്പെടുത്തിയ കേസിലും വിജയ് പി നായര്‍ക്കെതിരെ സൈബര്‍ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. വിജയ് പി നായര്ക്കെതിരെയെടുത്ത രണ്ടു കേസില്‍ ഒന്നില്‍ കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ് വിജയ്.
Content Highlight: Court rejected anticipatory bail of Bhagyalakshmi and two on attacking youtuber