അമൃത്സര്‍: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ ആരംഭിച്ച സമരത്തോടെ സംസ്ഥാനത്തെ വൈദ്യുതി വിതരണം പ്രതിസന്ധിയില്‍. പ്രതിഷേധക്കാര്‍ പഞ്ചാബിലെ റെയില്‍വേ പാളത്തിലും സമരം ആരംഭിച്ചതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതാണ് വൈദ്യുതി മുടങ്ങാന്‍ കാരണം.
സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം ആരംഭിച്ചതോടെ താപനിലയങ്ങലിലേക്ക് കല്‍ക്കരിയുമായി എത്തുന്ന ചരക്ക് തീവണ്ടികള്‍ക്ക് പഞ്ചാബിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്നതോടെയാണ് താപനിലയങ്ങളുടെ പ്രവര്‍ത്തനം താറുമാറായത്. ഇതോടെ വൈദ്യുതി വിതരണവും നിലച്ച അവസ്ഥയിലാണ്.
രണ്ട് ദിവസത്തേക്ക് കൂടി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് പഞ്ചാബ് പവര്‍ കോര്പ്പറേഷന് വ്യക്തമാക്കിയത്. പ്രതിസന്ധി രൂക്ഷമായതോടെ താപനിലയങ്ങളിലേക്കുള്ള ചരക്ക് വണ്ടികള്‍ കടത്തി വിടണമെന്ന് ധനകാര്യ മന്ത്രി മന്‍പ്രീത് സിങ് ബാദല്‍ കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു.
കല്‍ക്കരി ലഭ്യമാകാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനിലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചതായും, മറ്റ് ചിലയിടങ്ങളില്‍ പകുതി മാത്രം വൈദ്യുതി ഉത്പാദനം നടക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
Content Highlight: Power outages to spike as farmers’ rail blockade cuts off thermal plants’ coal supply