സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ രാജ്യം; സംസ്ഥാനങ്ങൾക്ക് 12,000 കോടിയുടെ പലിശരഹിത വായ്പ, എൽ.ടി.സിയും ഉത്സവബത്തയും സർക്കാർ ജീവനക്കാർക്ക്

Modi government announces Rs 10,000 interest-free festival advance to employees

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറാൻ രാജ്യ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വിപണിയെ കൂടുതൽ സജീവമാക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി കാഷ് വൌച്ചർ സ്കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.  പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എൽടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപ വകയിരുത്തും. സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് 12,000 കോടിയുടെ പലിശ രഹിത വായ്പ  ലഭ്യമാക്കും. ഇതിൽ 200 കോടി രൂപ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നൽകും. 

ഉപഭോക്ത ചെലവ് വർധിപ്പിക്കുന്നതിനൊപ്പം മൂലധന ചെലവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്രഖ്യാപനങ്ങൾ. 28,000 കോടിയുടെ അധിക ഉപഭോക്ത ആവശ്യകത വർധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി 5,675 കോടിയാണ് നീക്കിവെയ്ക്കുന്നത്. ടിക്കറ്റ് തുകയുടെ മൂന്നിരട്ടി വരെയാകും ലീവ്എൻകാഷ്മെൻ്റായി നൽകുക. പൂർണമായും നികുതി ഇളവ് ലഭിക്കും. സാധനങ്ങൾ വാങ്ങുന്നതിനും തുക വിനിയോഗിക്കാം. ഡിജിറ്റൽ പണമിടപാട് മാത്രമായിരിക്കും ഇതിന് അനുവദിക്കുക. 

സർക്കാർ ജീവനക്കാർക്ക് ഉത്സവകാല ബത്തയായി പലിശയില്ലാതെ 10,000 രൂപ ലഭിക്കും. ഇതിന് ഒറ്റത്തവണ 4,000 കോടി വിതരണം ചെയ്യാനാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും അലവൻസ് വിതരണം ചെയ്താൽ 8,000 കോടി കൂടി അധികമായി നൽകും. ഉത്സവ കാലയളവിൽ ജീവനക്കാർക്ക് ഈ തുക വിനിയോഗിക്കാം. റുപെ കാര്‍ഡായിട്ടായിരിക്കും തുക നല്‍കുക. 2021 മാര്‍ച്ച് 31നകം തുക ചെലവഴിക്കുകയും വേണം. റുപെ കാര്‍ഡിനുള്ള ബാങ്ക് നിരക്ക് സര്‍ക്കാര്‍ വഹിക്കും. 

content highlights: Modi government announces Rs 10,000 interest-free festival advance to employees