ജോസ് കെ മാണി എ കെ ജി സെന്ററില്‍; മുന്നണി പ്രവേശനം നാളെ തന്നെയെന്ന് സൂചന

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനുള്ളിലെ പോരിനൊടുവില്‍ മുന്നണി മാറി എല്‍ഡിഎഫിലേക്ക് ചേക്കേറിയ ജോസ് കെ മാണിക്ക് എകെജി സെന്ററിലേക്ക് ഊഷ്മള സ്വീകരണം നല്‍കി എല്‍ഡിഎഫ്. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വെച്ച് ജോസ് കെ മാണി, കോടിയേരിയേയും, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവനെയും കണ്ടു. മുന്നണി പ്രവേശം നാളെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

നാളെ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ജോസിന്റെ മുന്നണി പ്രവേശം സംബന്ധിച്ച് തീരുമാനമെടുക്കും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനമുണ്ടാകുമെന്നാണ് സൂചന. ജോസ് കെ മാണിയെ കൂടെ കൂട്ടുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ മറ്റൊരു പാര്‍ട്ടിക്കും നല്‍കാത്ത പരിഗണനയാണ് ജോസ് കെ മാണിക്ക് ഇടത് പക്ഷം നല്‍കുന്നത്.

എകെജി സെന്ററിന്റെ സ്വന്തം വാഹനത്തിലാണ് ജോസ് കെ മാണി നേതാക്കളെ കാണാനെത്തിയത്. പാലായില്‍ നിന്ന് തിരുവനന്തപുരം വരെ സ്വന്തം വാഹനത്തിലെത്തിയ ശേഷം മറ്റ് യാത്രകള്‍ക്ക് എകെജി സെന്ററിലെ വാഹനം ഉപയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രി തുറന്ന സ്വാഗതമാണ് ജോസ് കെ മാണിക്ക് നല്‍കിയത്. സിപിഐയുടെ എതിര്‍പ്പും അനുനയത്തിന് വഴങ്ങുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

Content Highlight: Jose K. Mani at the AKG Center; The indication is that the front entry will be tomorrow