കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനായ വ്യക്തി മരിച്ചത് ഓക്സിജന്‍ കിട്ടാതെയാണെന്നുള്ള ഡോക്ടറുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ കൂടുതല്‍ പരാതികള്‍. ചികിത്സയിലിരിക്കെ മരിച്ച ബന്ധുക്കളുടെ അവസ്ഥ ചൂണ്ടികാട്ടി കുടുംബാംഗങ്ങള്‍ തന്നെയാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ചികിത്സ പിഴവാണ് മിക്ക പരാതിക്കും ആധാരം.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ബൈഹക്കി സഹോദരന് അയച്ച ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിട്ടുണ്ട്. ചികിത്സയ്ക്ക് പണം ആവശ്യമാണെന്നും 40,000 രൂപ വേണമെന്നുമാണ് ഓഡിയോ സന്ദേശത്തില്‍ രോഗി സഹോദരനോട് പറയുന്നത്.
കൂടാതെ, മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച ജമീലയുടെ ബന്ധുക്കളും ചികിത്സ പിഴവ് ചൂണ്ടികാട്ടി പരാതി നല്കാന് ഒരുങ്ങുകയാണ്. ചികിത്സ പിഴവിനെ കുറിച്ച് മാതാവ് തന്നെ പരാതി പറഞ്ഞിരുന്നെന്നാണ് മകളുടെ വെളിപ്പെടുത്തല്‍. വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ ജമീല ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ടുവെന്ന ഡോ. നജ്മയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടു.
ഇന്നലെയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിതനായ വ്യക്തി മരിച്ചത് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണെന്ന് ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയത്. രോഗിയുടെ മുഖത്ത് മാസ്ക് വെച്ചിരുന്നെങ്കിലും വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ലെന്നായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് ആശുപത്രിക്കെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കള്‍ രംഗത്ത് വന്നത്.
Content Highlight: More Complaints against Kalamassery Medical College