കോംഗോയില്‍ സായുധ ആക്രമണം: ജയില്‍ ആക്രമിച്ച് 1,300 ലധികം തടവുകാരെ മോചിപ്പിച്ചു

ബെനി: കിഴക്കന്‍ കോംഗോയില്‍ സായുധ സൈന്യം ജയില്‍ ആക്രമിച്ച് 1,300 തടവുകാരെ മോചിപ്പിച്ചതായി യുഎന്‍ വൃത്തങ്ങള്‍. ഇസ്ലാമിക് സായുധ സംഘമായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇസ്ലാമിക് സ്‌റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ യുഎന്‍ വെളിപ്പെടുത്തിയ പോലെ 1300 തടവു പുള്ളികള്‍ സ്വതന്ത്രരാക്കപ്പെട്ടിട്ടില്ലെന്നാണ് ടൗണ്‍ മേയര്‍ മോഡസ്‌റ്റെ മക്വനഹയുടെ വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ ഒരു തടവു പുള്ളി കൊല്ലപ്പെട്ടതായും അദ്ദേഹം സൂചിപ്പിച്ചു. വലിയൊരു കൂട്ടം അക്രമകാരികള്‍ എത്തി ജയില്‍ കവാടവും സുരക്ഷ ഉപകരണങ്ങളും തകര്‍ക്കുകയായിരുന്നെന്ന് ബെനി ഗവര്‍ണര്‍ പറഞ്ഞു.

ഒളിച്ചിരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ജയില്‍ ചാടിയ 20ഓളം തടവുകാര്‍ തിരികെ വന്നെന്നും ജയില്‍ അധികൃതര്‍ വെളിപ്പെടുത്തി. മൂന്ന് വര്‍ഷത്തിന് മുന്‍പ് കംഗ്ബയ് ജയില്‍ തകര്‍ത്ത് നൂറുകണക്കിന് തടവുകാര്‍ രക്ഷപെടുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Content Highlight: 1,300 prisoners escape from Congo Jail