രാഹുല്‍ ഗാന്ധി രാഷ്ട്രീയ ടൂറവസാനിപ്പിച്ച് പഞ്ചാബ് സന്ദര്‍ശിക്കണം; ആറ് വയസുകാരിയുടെ ബലാത്സംഗക്കൊലയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ജാവദേക്കര്‍

ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. പഞ്ചാബില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി വിമര്‍ശനമുയര്‍ത്തിയത്. രാഹുല്‍ ഗാന്ധി രാഷ്ട്രീയ ടൂറുകള്‍ അവസാനിപ്പിച്ച് പഞ്ചാബ് സന്ദര്‍ശിക്കണമെന്നും അവിടെ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ശ്രദ്ധ കൊടുക്കണമെന്നും ജാവദേക്കര്‍ പറഞ്ഞു.

പഞ്ചാബിലെ ടണ്ട ഗ്രാമത്തിലാണ് ആറ് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതാണെന്ന് ജാവദേക്കര്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ സോണിയ ഗാന്ധിയോ ഇതുവരെ ടാണ്ടായിലെ കുടുംബത്തെ സന്ദര്‍ശിച്ചില്ലെന്നും ജാവദേക്കര്‍ വിമര്‍ശിച്ചു. ഹത്രാസിലും മറ്റ് സ്ഥലങ്ങളിലും പോയി ഇരയുടെ കുടുംബത്തിനൊപ്പം ഫോട്ടോ എടുക്കുന്നവര്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും വ്യക്തമാക്കി.

ബിഹാറില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുന്ന ആര്‍.ജെ.ഡിയെയും തേജസ്വി യാദവിനെയും മന്ത്രി വിമര്‍ശിച്ചു. കഴിഞ്ഞദിവസം രാഹുല്‍ഗാന്ധിക്കൊപ്പം വേദി പങ്കിട്ട തേജസ്വി യാദവിനെതിരെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഹത്രാസ് വിഷയത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെയായിരുന്നു പ്രകാശ് ജാവദേക്കറുടെ പ്രതികരണം.

Content Highlights: Union Minister Prakash Javadekar against Congress and Gandhi Family on Punjab rape murder case