സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലീം ലീഗിനേയും യുഡിഎഫിനേയും രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ

Syro Malabar Church criticizes the Muslim league over stand on the economic reservation.

സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലീം ലീഗിനേയും യുഡിഎഫിനേയും രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ. ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിമർശനം. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ‘സാമ്പത്തിക സംവരത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമർശനം ഉന്നയിക്കുന്നത്. മുസ്ലീം ലീഗ് സംവരണത്തെ എതിർത്തിക്കുന്നത് ആദർശത്തിൻ്റെ പേരിൽ അല്ലെന്ന് ലേഖനത്തിൽ പറയുന്നു.

ഇതുവരെ യാതൊരു വിധ സംവരണ അനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ൽ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വെെകിയാണെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സമുദായിക ശക്തികൾ അകാരണമായി എതിർക്കുന്നത് തികച്ചും ഖേദകരമാണെന്നും എന്തെങ്കിലും ആദർശത്തിൻ്റെ പേരിലാണ് ഇവർ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാൻ സാധിക്കില്ലെന്നും ലേഖനത്തിൽ പറയുന്നു.

പാർലമെൻ്റിൽ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്ലീം ലീഗിൻ്റെ രണ്ട് എം.പിമാരും എ.ഐ.എം.ഐ.എമ്മിൻ്റെ ഒരു എം.പിയുമാണ്. ലീഗിൻ്റെ നിലപാടിൽ വർഗീയത മുഖമൂടി മാറ്റി പുറത്തേക്ക് വരികയാണ്. സ്വന്തം സമുദായ ബോധം മറ്റ് സമുദായങ്ങൾക്ക് ദോഷകരമാവരുത്. ലീഗിൻ്റെ വർഗീയ നിലപാട് ഹാഗിയ സോഫിയ വിഷയത്തിലും കണ്ടതാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ ഏതാണ്ടു പൂർണമായും മുസ്ലീം സമുദായത്തിന് വേണ്ടിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾ പോലും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാക്കുമ്പോൾ ഇതര ന്യൂനപക്ഷ വിഭാഗങ്ങൾ പുറന്തള്ളപ്പെടുന്നു.  

സംവരണ വിഷയത്തിൽ ഉൾപ്പെടെ നിലപാട് വ്യക്തമാക്കാൻ സാധിക്കാത്ത തരത്തിൽ യുഡിഎഫ് ദുർബലമായി. കോൺഗ്രസ് ദേശിയ നിലപാടിനെ പോലും പിന്തുണയ്ക്കാനാകുന്നില്ല. എംഎൽഎമാരുടെ മേൽ കോൺഗ്രസിന് നിയന്ത്രണം നഷ്ടമായെന്നും ജോസഫ് പെരുന്തോട്ടം പറയുന്നു. ഈ മുന്നണിയ്ക്ക് ഒരു പ്രകടന പത്രിക പോലും പുറത്തിറക്കാൻ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന രൂക്ഷ വിമർശനവും ലേഖനത്തിലുണ്ട്. ജമാഅത്ത് ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളതെന്നും ലേഖനം പറയുന്നു. 

content highlights: Syro Malabar Church criticizes the Muslim league over stand on the economic reservation.