വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാൻ കർണാടകയും; സമാന നിലപാട് സ്വീകരിക്കുന്ന ബിജെപി ഭരിക്കുന്ന നാലാമത്തെ സംസ്ഥാനം

Karnataka to enact a law against religious conversion for marriage

ഉത്തർ പ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്ക് ശേഷം മിശ്രവിവാഹത്തിനെതിരെ നിയമം കൊണ്ടുവരാൻ തയ്യാറെടുത്ത് കർണാടക.  വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി സിടി രവി അറിയിച്ചു. ഇത്തരം മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉടൻ തന്നെ ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.  

അലഹബാദ്‌ കോടതിയുടെ ഉത്തരവ് പ്രകാരം വിവാഹത്തിന് മാത്രമായുള്ള മതപരിവർത്തനം നിരോധിക്കാൻ നിയമം കർണാടകയിൽ കൊണ്ടുവരും. ജിഹാദികൾ നമ്മുടെ സഹോദരിമാരുടെ അന്തസ് ഇല്ലാതാക്കാൻ അനുവദിക്കില്ല. മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരാണെങ്കിലും അവർക്ക് കഠിന ശിക്ഷ ഉറപ്പാക്കും. അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി. മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള എല്ലാ സാധുതകളും സംസ്ഥാനം പരിശോധിച്ചു വരികയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി അശ്വാന്ത് നാരായൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

സുരക്ഷ ആവശ്യപ്പെട്ട് അലഹബാദ്‌ ഹൈക്കോടതിയെ സമീപിച്ച ദമ്പതികളുടെ ഹർജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു. വിവാഹം കഴിക്കുന്നതിന് ഒരു മാസത്തിന് മുമ്പ് മാത്രം മതം മാറുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് എപ്പോൾ വേണമെങ്കിലും മതംമാറാനുള്ള സ്വാതന്ത്രമുണ്ടെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.

content highlights: Karnataka to enact a law against religious conversion for marriage