ബിഹാറില്‍ മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്നവസാനിക്കും; ഇഞ്ചോടിഞ്ച് പോരാട്ടവുമായി മോദിയും രാഹുലും

പട്‌ന: ബിഹാറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴാനിരിക്കെ പ്രചാരണ തന്ത്രങ്ങള്‍ കൊഴുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. മഹാസഖ്യത്തിനും എന്‍ഡ്എക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമായതിനാല്‍ മൂന്നാംഘട്ട പ്രചരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയുമാണ് പ്രചാരണത്തിന്റെ പ്രധാന മുഖങ്ങള്‍.

മറ്റന്നാളാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ്. ബിഹാറില്‍ ഭരണ തുടര്‍ച്ചയെന്നാണ് എന്‍ഡിഎയുടെ അവകാശവാദം. അഭിപ്രായ സര്‍വേകളും ഇവര്‍ക്ക് അനുകൂലമാണെന്നതാണ് മഹാസഖ്യത്തിന് തലവേദനയാകുന്നത്. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിതീഷ് കുമാറിനെതിരെ ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന് കാട്ടിയാണ് മഹാസഖ്യത്തിന്റെ പ്രചാരണം.

78 മണ്ഡലങ്ങളാണ് മറ്റന്നാള്‍ ജനവിധിയെഴുതുന്നത്. ഇതോടെ 243 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ 55 ശതമാനവും രണ്ടാം ഘട്ടത്തില്‍ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തിനാണ് വോട്ടെണ്ണല്‍.

Content Highlight: Third phase of open election campaign in Bihar end today