തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 8 നാണ് ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ജില്ലാടിസ്ഥാനത്തില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം.
ഡിസംബര്‍ 8,10,14 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്താന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. ഡിസംബര്‍ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടത്തും. രണ്ടാം ഘട്ടമായി ഡിസംബര്‍ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനാല് തിങ്കളാഴ്ചയാണ്. അന്നേ ദിവസം മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും.
എല്ലാ സ്ഥലത്തും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം. നവംബര്‍ 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഡിസംബര്‍ 16ന് ഫലപ്രഖ്യാപനം നടത്തും. നവംബര്‍ 19 വരെയാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ സമയം. പത്രികകളുടെ സൂഷ്മപരിശോധന നവംബര്‍ 20-ന് നടക്കും. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി.
ഡിസംബര്‍ പകുതിയോടെ ഫലം പ്രഖാപിച്ചാല്‍ ക്രിസ്തുമസിന് മുമ്പായി പുതിയ ഭരണ സമിതി നിലവില്‍ വരും. പൊതു തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്നു. 2.72 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ കൊവിഡ് പോസിറ്റീവാകുന്നവര്‍ക്കും, ക്വാറന്റൈനായവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനും അവസരമുണ്ടാകും. പോളിങ് സ്‌റ്റേഷനുകളില്‍ ബ്രേക്ക് ദ ചെയിന്‍ പോളിസിയും നടപ്പിലാക്കും.
Content Highlight: Local Body Election Declared in Kerala