പ്ലസ്ടു കോഴക്കേസ്: ചോദ്യം ചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരായി കെ എം ഷാജി

കോഴിക്കോട്: പ്ലസ് ടു കോഴ വിവാദത്തില്‍ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരായി എംഎല്‍എ കെ എം ഷാജി. കോഴിക്കോട് ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവുണ്ട്.

അഴീക്കോട് കേസില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശിച്ചത്. എംഎല്‍എയുടെ ഭാര്യയുടെയും, ലീഗ് നേതാവും മുന്‍ പി എസ് സി അംഗവുമായിരുന്ന ടി ടി ഇസ്മയേലിന്റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഷാജിയും ടിടി ഇസ്മായിലും മറ്റൊരു ലീഗ് നേതാവും ചേര്‍ന്നായിരുന്നു മാലൂര്‍കുന്നില്‍ ഭൂമി വാങ്ങിയത്. പിന്നീടത് ഷാജി വാങ്ങുകയും ഭാര്യയുടെ പേരിലേക്ക് മാറ്റുകയുമായിരുന്നു.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാധിച്ച കേസില്‍ കോഴിക്കോട് വിജിലന്‍സ് എസ്പിക്കാണ് പ്രാഥമിക അന്വേഷണ ചുമതല. കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ വി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Content Highlight: K M Shaji appeared before ED for interrogation