മനുസ്മൃതി ഭാവനയ്ക്ക് അനുസരിച്ച് വ്യാഖ്യാനിക്കാം; നിയമ പുസ്തകമല്ലെന്ന് കോടതി

ചെന്നൈ: മനുസ്മൃതി ഒരു നിയമ പുസ്തകമല്ലെന്നും അത് ഭാവനയ്ക്ക് അനുസരിച്ച് വ്യാഖ്യാനിക്കാമെന്നും മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എം സത്യനാരായണന്‍, ജസ്റ്റിസ് ആര്‍ ഹോമലത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. മനുസ്മൃതിയെ അപമാനിക്കുന്ന രീതിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭ എംപിയും വിസികെ നേതാവുമായ തിരുമാളവളന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇതേ ആവശ്യവുമായെത്തിയ പൊതു താല്‍പര്യ ഹര്‍ജിയും കോടതി തള്ളി. മനുസ്മൃതിയെ തിരുമാളവന്‍ തന്റേതായ രീതിയില്‍ വ്യാഖ്യാനിച്ചതായും അതില്‍ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് വ്യക്തമാക്കി. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ക്രമസമാധാനം സംസ്ഥാനത്തെ ബാധിക്കുന്ന കാര്യമാണെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി വിലയിരുത്തി.

ഒരു വെബിനാറിനിടെയാണ് തിരുമാവളവന്‍ മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതായും മനുസ്മൃതി നിരോധിക്കണമെന്നും ആവശ്യപ്പെട്ടത്. സ്ത്രീകളെയും പിന്നാക്ക വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കമെന്നും തിരുമാവളവന്‍ പറഞ്ഞത്. ഇതിനെതിരെ വവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

Content Highlight: Madras High Court explains Manu smriti is not a Law Book