തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ മുഴുവന്‍ ഫയലുകളും ആവശ്യപ്പെട്ട ഇഡിക്കെതിരെ എത്തിക്‌സ് കമ്മിറ്റി നല്‍കിയ നോട്ടീസിന് മറുപടി നല്‍കി ഇഡി. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലാണ് പദ്ധതിയുടെ മുഴുവന്‍ ഫയലുകളും ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് നടപടി അവകാശ ലംഘനമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു എത്തിക്‌സ് കമ്മിറ്റിയുടെ പ്രതികരണം. എന്നാല്‍, ഫയലുകള്‍ വിളിച്ച് വരുത്താന്‍ നിയമപരമായി അവകാശമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലായിരുന്നു എത്തിക്‌സ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയില്‍ അന്വേഷണത്തിന് പുറമേ മുഴുവന്‍ ഫയലുകളും ആവശ്യപ്പെട്ട നടപടിയില്‍ വിശദീകരണം തേടിയായിരുന്നു നോട്ടീസ്.
അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറായി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരുവര്‍ഷം കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കി. തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് ഉള്‍പ്പടെ രാഷ്ട്രീയ പ്രാധാന്യമുള്ള ഒട്ടേറെകേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സഞ്ജയ് കുമാറിന്റെ കാലാവധി നീട്ടിയത്.
Content Highlight: ED on Life mission files