ചൈനയുടെ ശ്രമം വിജയിച്ചു; ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ട് 15 രാജ്യങ്ങള്‍

ബെയ്ജിങ്: പതിറ്റാണ്ടുകളായുള്ള ശ്രമം വിജയ പരിസമാപ്തിയിലേക്കെത്തിച്ച് ചൈന. ചൈനയുള്‍പ്പെടെ 15 ഏഷ്യ-പസഫിക് രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ടതോടെയാണ് ചൈന വിജയം ഉറപ്പിച്ചത്. എട്ട് വര്‍ഷത്തെ സങ്കീര്‍ണമായ ചര്‍ച്ചകള്‍ക്കാണ് കരാറോടെ അവസാനമായത്.

ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന മേഖലയെ കൂടുതല്‍ സാമ്പത്തികമായി ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യമാണ് കരാറിലൂടെ ചൈന നടപ്പാക്കിയത്. ജപ്പാന്‍ മുതല്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് വരെ നീളുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെ താരിഫ് കുറയ്ക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, പുതിയ ഇ-കൊമേഴ്‌സ് നിയമങ്ങള്‍ ക്രോഡീകരിക്കുക എന്നിവയാണ് ലക്ഷ്യം.

എന്നാല്‍ യുഎസ് കമ്പനികളെയും മേഖലയ്ക്ക് പുറത്തുള്ള ബഹുരാഷ്ട്ര കമ്പനികളെയും കരാര്‍ ദോഷകരമായി ബ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്-പസഫിക് പങ്കാളിത്തം എന്നറിയപ്പെടുന്ന പ്രത്യേക ഏഷ്യ പസഫിക് വ്യാപാര ഇടപാടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിട്ടു നിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഒട്ടേറെ ആശങ്കകള്‍ പരിഹരിക്കപ്പെടാനുണ്ടെന്ന് ചൂണ്ടികാട്ടി ആര്‍സിഇപിയില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു.

ചൈനയ്ക്ക് പുറമെ ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, മലേഷ്യ, ബ്രൂണെ, ചൈന, കംബോഡിയ, ഇന്‍ഡോനേഷ്യ, ദക്ഷിണ കൊറിയ, ലാവോസ്, മ്യാന്‍മാര്‍, ഫിലിപ്പൈന്‍സ്, സിംഗ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് കരാറില്‍ പങ്കാളികളായുള്ളത്.

Content Highlight: 15 Asian Nations Sign China-Backed Trade Pact, India Pulled Out Last Year