അമരാവതി ഭൂമി ഇടപാട്: വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമ വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ

അമരാവതി: അമരാവതി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എജി നല്‍കിയ ഹര്‍ജിയില്‍ ആന്ധ്രാ ഹൈക്കോടതി തീരുമാനമെടുക്കുന്നതും ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ച് വിലക്കി. മാധ്യമങ്ങളെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് വിലക്കിയ നടപടിക്കെതിരെ ആന്ധ്ര സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എന്‍.വി. രമണക്കെതിരെ ആരോപണമുന്നയിച്ച് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് നേരത്തെ കത്തയച്ചിരുന്നു. സുപ്രിംകോടതി സിറ്റിംഗ് ജഡ്ജിയുടെ രണ്ട് പെണ്മക്കള്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം ആരംഭിച്ചിരുന്നത്.

അമരാവതിയില്‍ ഭൂമി അനധികൃതമായി വാങ്ങാന്‍ ആന്ധ്രാപ്രദേശിലെ മുന്‍ അഡ്വക്കേറ്റ് ജനറലുമായി ക്രിമിനല്‍ ഗൂഡാലോചന നടത്തി എന്നതുമായി ബന്ധപ്പെട്ട കേസാണ് അമരാവതി ഭൂമി കുംഭകോണ കേസ്. ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണ് 2014 ല്‍ ആന്ധ്രാപ്രദേശിന്റെ ഗ്രീന്‍ഫീല്‍ഡ് ഭരണ തലസ്ഥാന നഗരമായി അമരാവതിയെ മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കമിടുന്നത്.

എന്‍. ചന്ദ്രബാബു നായിഡുവിന്റെ ഭരണകാലത്ത് അഡ്വക്കേറ്റ് ജനറലായി സേവനമനുഷ്ഠിച്ച ദമ്മലപതി ശ്രീനിവാസ്, തലസ്ഥാന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം ശേഖരിക്കുകയും അതിനനുസരിച്ച് മേഖലയുടെ ഹൃദ്യഭാഗത്തുള്ള വിശാലമായ ഭൂമി വാങ്ങുന്നതിന് തന്റെ സ്വാധീനം ഉപയോഗിക്കുകയും ചെയ്തു എന്ന് അഭിഭാഷകനായ കോമാത്‌ല ശ്രീനിവാസ സ്വാമി റെഡ്ഡി ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുണ്ടൂരിലെ അഴിമതി വിരുദ്ധ ബ്യൂറോ കേസെടുക്കുകയായിരുന്നു. ക്യാപിറ്റല്‍ പ്ലാന്‍ അതോറിറ്റി ബില്‍- 2014 വഴിയാണ് തലസ്ഥാന പദ്ധതി ആദ്യമായി പരസ്യപ്പെടുത്തിയത്. 2014 ഡിസംബറിന് മുമ്പ് ശ്രീനിവാസ് ഒന്നിലധികം ബിനാമികളിലൂടെയും ബന്ധുക്കളിലൂടെയും ഭൂമി വാങ്ങിയതായും പരാതിക്കാരന്‍ ആരോപിച്ചു.

Content Highlight: Supreme Court stayed the order banning media in Amaravati land scam