കശ്മീര്‍ ഇന്റര്‍നെറ്റ് വിലക്ക്: കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര നടപടിക്ക് പിന്നാലെ പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാരാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി. ജമ്മു കശ്മീരില്‍ മാസങ്ങളോളം ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതിനു കേന്ദ്ര ആഭ്യന്തര, ടെലികോം മന്ത്രാലയങ്ങളോടു വിശദീകരണം തേടി പാര്‍ലമെന്ററി സമിതി രംഗത്തുവന്ന സാഹചര്യത്തിലാണു കൂടുതല്‍ ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവ വ്യക്തമാക്കിയത്.

ഓഗസ്റ്റില്‍ റദ്ദാക്കിയ പ്രത്യേക പദവിക്ക് പിന്നാലെ തന്നെ റദ്ദാക്കിയ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ 2ജി നെറ്റ്വര്‍ക്ക് പുനഃസ്ഥാപിച്ചിരുന്നെങ്കിലും 3ജി 4ജി സേവനങ്ങള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ നേതൃത്വത്തില്‍ ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട സമിതിയാണ് വിഷയത്തില്‍ വിശദീകരണം തേടിയത്. എന്നാല്‍ രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന വിഷയമായതിനാല്‍ വിവരം കൈമാറാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതിയുടെ പരിദിയിലിരിക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ലെന്നുമാണ് കേന്ദ്രത്തിന്റെ മറുപടി.

ഭീകരവാദം തടയുന്നതിന്റെ ഭാഗമായാണ് നെറ്റ്‌വര്‍ക്കുകള്‍ റദ്ദാക്കിയതെന്നും കേന്ദ്രം ചൂണ്ടികാട്ടി. കശ്മീര്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്ന് കേന്ദ്രം വാദിക്കുമ്പോഴും പ്രദേശത്ത് വിലക്ക് തുടരുകയാണ്.

Content Highlight: Center on Internet Ban in Kashmir