ഉത്തർപ്രദേശിലെ എട്ടു ജില്ലകളിൽ ഗോശാലകളുടെ സംരക്ഷണം തടവുകാരെ ഏൽപ്പിക്കാൻ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ 8 ജില്ലകളിൽ ആദ്യം നടപ്പിലാക്കുമെന്നും പിന്നീട് സംസ്ഥാനത്തിലുടനീളം വ്യാപിപ്പിക്കുമെന്നും ജയിലുകളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ അനന്ദ് കുമാർ പറഞ്ഞു. സീതാപൂർ, ഷാജഹാൻപൂർ, ലളിത്പൂർ, വാരാണസി, ഫറൂഖാബാദ്, ഒറായ്, ഖേരി, ബരങ്കരി തുടങ്ങിയ ജില്ലകളിലെ തടവുകാരോടാണ് ഗോശാലകളുടെ സംരക്ഷണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
തടവുകാരുടെ സേവനത്തിന് അവർക്ക് പ്രതിഫലവും നൽകും. സ്വയംപര്യാപ്തത നേടാനും പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യുവാനും അവരെ പ്രാപ്തരാക്കാൻ ഇത് സഹായിക്കുമെന്ന് അനന്ദ് കുമാർ അറിയിച്ചു. ഗോശാലകളിലേക്ക് തടവുകാരെ എത്തിക്കുന്നതിനും മടക്കികൊണ്ട് പോകുന്നതിനും പൊലീസിനേയും ജയിൽ അധികൃതരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയിലിൽ നല്ല പെരുമാറ്റം കാഴ്ച വെയ്ക്കുന്നവർക്കും മൃഗങ്ങളെ പരിപാലിക്കാൻ താൽപര്യമുള്ളവർക്കും മുൻഗണന നൽകും. ഗോശാലകൾ തെരഞ്ഞെടുക്കുന്നതിന് അതാത് ജില്ലകളിലെ സർക്കാർ തലത്തിലുള്ള ഗോശാലകളുടെ സർവെ നടത്താൻ ജയിൽ സൂപ്രണ്ടുമാരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
content highlights: Jail inmates to take care of cow shelters in UP