വിവാഹത്തിന് മുമ്പ് വധുവരന്മാർ മതവും വരുമാനവും വെളിപെടുത്തണം; പുതിയ നിയമവുമായി അസം സർക്കാർ

Assam mulls law which will make a bride, groom to declare religion, source of income

വിവാഹത്തിന് മുമ്പ് വധുവരന്മാർ മതവും വരുമാനവും വെളിപെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാൻ ഒരുങ്ങി അസം സർക്കാർ. ഉത്തർപ്രദേശിലേയോ മധ്യപ്രദേശിലെയോ നിയമം പോലെയല്ല ഇതെന്നും പക്ഷെ സമാനതകളുണ്ടാവുമെന്നും മന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളിൽ മതവും വരുമാനവും വെളിപെടുത്തണമെന്ന നിയമം കൊണ്ടു വരാനാണ് സർക്കാർ ആലോചിക്കുന്നത്.

ലൌ ജിഹാദിനെതിരേയുള്ള നിയമമല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവർക്കും ഇത് ബാധകമായിരിക്കും. മത വിവരങ്ങളെ കൂടാതെ വരുമാനവും വിദ്യാഭ്യാസവും മറ്റ് കുടുംബ വിവരങ്ങളും ഈ നിയമ പ്രകാരം രേഖപെടുത്തണം. നിർദ്ദിഷ്ട നിയമ പ്രകാരം വരുമാനം, തൊഴിൽ, സ്ഥിര മേൽവിലാസം, മതം എന്നിവ വെളിപെടുത്തുന്ന രേഖകൾ വിവാഹത്തിന് ഒരു മാസം മുമ്പ് സമർപ്പിക്കേണ്ടതാണ്.

ഈ നിയമം സ്ത്രീകളെ ശാക്തീകരിക്കുമെന്നും യുപിയിലേയും മധ്യപ്രദേശിലേയും നിയമങ്ങളിലെ ചില ഘടകങ്ങൾ ഈ നിയമത്തിലുണ്ടാകുമെന്നും ശർമ്മ പറഞ്ഞു. ലവ് ജിഹാദ് കേസുകൾ ഇതുവരെ കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ലൌ ജിഹാദിന്റെ പേരിൽ നിയമം കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

Content Highlights; Assam mulls law which will make a bride, groom to declare religion, source of income