ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റിൽ

Ex-Judge C S Karnan Arrested By Chennai Police Over Abusive Videos

മുൻ മദ്രാസ് ഹെെക്കോടതി ജഡ്ജിയായിരുന്ന സി.എസ്. കർണനെ പൊലീസ് അറസ്റ്റുചെയ്തു. ജഡ്ജിമാരേയും കോടതി ഉദ്യോഗസ്ഥരേയും അധിക്ഷേപിക്കുന്ന വിഡിയോ പുറത്തുവിട്ട കേസിലാണ് അറസ്റ്റ്. പുതിച്ചേരി ബാർ കൌൺസിൽ നൽകിയ പരാതിയിൽ കർണനെതിരെ നാല് വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബാർ കൗണ്‍സിൽ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ കർണനെ അറസ്റ്റ് ചെയ്യാത്തതിനെ ചോദ്യം ചെയ്ത് തമിഴ്നാട് പൊലീസിനെതിരെ വിമർശനവുമായി മദ്രാസ് ഹെെക്കോടതി രംഗത്തെത്തി. 

എന്ത് കാരണത്താലാണ് കർണനെ അറസ്റ്റ് ചെയ്യാത്തതെന്ന് ഡിസംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പൊലീസ് ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജഡ്ജിമാർക്കെതിരെ അഴിമതി, ലെെംഗീകാരോപണങ്ങൾ എന്നിവ ഉന്നയിച്ചുകൊണ്ടുള്ള ജസ്റ്റിസ് കർണൻ്റെ വിഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവത്തിൽ ബാർ കൗണ്‍സിൽ കർണനെതിരെ പരാതി നൽകുകയും വിഡിയോകൾ നീക്കം ചെയ്യാൻ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കർണനെതിരെ നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

2017ൽ സുപ്രീം കോടതിയിലെ എട്ട് ജഡ്ജിമാർക്കെതിരെ ജസ്റ്റിസ് കർണൻ സ്വമേധയ കേസ് എടുത്ത് അഞ്ച് വർഷം കഠിനതടവ് വിധിച്ചതിന് തൊട്ടടുത്ത ദിവസം അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത് ആറ് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. 

content highlights: Ex-Judge C S Karnan Arrested By Chennai Police Over Abusive Videos