കര്‍ഷക പ്രക്ഷോഭം എത്രയും വേഗം പരിഹരിക്കാന്‍ അമിത് ഷായോട് ആവശ്യപ്പെട്ടതായി അമരീന്ദര്‍ സിങ്

ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരത്തിലിരിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ഷക പ്രതിഷേധത്തില്‍ പരിഹാരം തേടിയാണ് കൂടിക്കാഴ്ച്ച നടത്തിയതെങ്കിലും, ചര്‍ച്ച നടക്കുന്നത് കേന്ദ്രവും കര്‍ഷകരും തമ്മിലാണെന്നും തനിക്ക് പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ സാധിക്കില്ലെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.

കാര്‍ഷിക നിയമത്തിനെതിരായ വിയോജിപ്പ് ആഭ്യന്തര മന്ത്രിയെ അറിയിച്ചതായും, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെയും രാജ്യത്തിന്റെ സുരക്ഷയെയും ബാധിക്കുന്ന പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും അമരീന്ദര്‍സിങ് പറഞ്ഞു.

ഗ്രാമച്ചന്തകളും താങ്ങുവിലയും നിലനിര്‍ത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി തുറന്ന മനസ്സോടെ കര്‍ഷകരെ കേള്‍ക്കണമെന്നും അമരിന്ദര്‍ ആവശ്യപ്പെട്ടായി മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ച പുരോഗമിക്കുകയാണ്. കാര്‍ഷിക നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് കേന്ദ്രം. സമരം എട്ടാം ദിവസത്തിലേക്ക് എത്തിയതോടെ ഡല്‍ഹിയിലെ പഴം, പച്ചക്കറിയടക്കമുള്ള വസ്തുക്കള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങി. ഡല്‍ഹി കടുത്ത ക്ഷാമത്തിലേക്ക് പോകുന്നതിന് മുമ്പ് സര്‍ക്കാര്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് കര്‍ഷക സംഘടനകളുടെ വിലയിരുത്തല്‍.

Content Highlight: Amit Shah-Amarinder Singh discussions over on farmers Protest