ഹെെക്കമ്മീഷണറെ ഇന്ത്യ വിളിപ്പിച്ചതിന് പിന്നാലെ വീണ്ടും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം

Trudeau Sticks to Support for Farmers' Stir Despite India's Summons to Canadian High Commissioner

ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തിന് വീണ്ടും പിന്തുണയറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സമാധാനപരമായ പ്രതിഷേധങ്ങൾക്കും  മനുഷ്യാവകാശത്തിനും വേണ്ടി എക്കാലത്തും നിലകൊള്ളുമെന്ന് ട്രൂഡോ പറഞ്ഞു. പത്ത് ദിവസമായി ഡൽഹിയിൽ തുടരുന്ന കർഷക സമരം പരിഹരിക്കാൻ കേന്ദ്രം ചർച്ചകൾ നടത്തുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. 

കർഷക പ്രതിഷേധം സംബന്ധിച്ച് ട്രൂഡോ മുമ്പ് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധമറിയിക്കാൻ കനേഡിയൻ ഹെെമ്മഷീണറെ ഇന്ത്യ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് ട്രൂഡോ നിലപാട് വീണ്ടും വ്യക്തമാക്കിയത്. കനേഡിയൻ നേതാക്കളുടെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ട്രൂഡോ തൻ്റെ നിലപാട് ആവർത്തിച്ചത്. 

കർഷക പ്രതിഷേധത്തിനെ ട്രൂഡോ പിന്തുണച്ചതിനെതിരെ ഇന്ത്യ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. കനേഡിയൻ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും നടത്തിയ പരാമർശം അസ്വീകാര്യവും രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കെെകടത്തലുമാണെന്ന് കനേഡിയൻ ഹെെക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ അറിയിച്ചിരുന്നു. ഇത്തരം നടപടികള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഹൈക്കമ്മീഷണറെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കികൊണ്ട് ട്രൂഡോ രംഗത്തുവന്നത്. 

content highlights: Trudeau Sticks to Support for Farmers’ Stir Despite India’s Summons to Canadian High Commissioner