ഡൽഹിയിൽ തുടരുന്ന കർഷക സമരത്തിന് പിന്തുണയുമായി ബ്രിട്ടൺ. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് 36 എംപിമാർ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാപ്പിന് കത്ത് നൽകി. പുതിയ കാർഷിക നിയമം കർഷകർക്കുള്ള മരണവാറണ്ട് ആണെന്ന് കത്തിൽ സൂചിപ്പിക്കുന്നു. ലേബർ പാർട്ടി പ്രതിനിധിയും ഇന്ത്യൻ വംശജനുമായ തൻമൻജിത് സിംഗിൻ്റെ നേതൃത്വത്തിലാണ് എംപിമാർ കത്തെഴുതിയത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷകരെ ചൂഷണം ചെയ്യുന്ന നിയമങ്ങൾ പിൻവലിക്കാൻ സർക്കാരിന് മേൽ ബ്രിട്ടൺ സമർദ്ദം ചെലുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
Farmers from the Punjab and across India are peacefully protesting against #FarmersBill2020.
Following our October meet, further discussions and given strong sense of injustice felt by many constituents, cross-party letter from British MPs has been sent to the Foreign Secretary. pic.twitter.com/l8aZWiekor
— Tanmanjeet Singh Dhesi MP (@TanDhesi) December 4, 2020
കേന്ദ്ര സർക്കാരിൻ്റെ വിവാദ കാർഷിക നിയമം എങ്ങനെ ബാധിക്കുമെന്ന് വിശദീകരിച്ച് എംപിമാർ ലണ്ടനിലെ ഇന്ത്യൻ ഹെെകമ്മീഷണർക്ക് നേരത്തെ കത്തെഴുതിയിരുന്നു. കർഷക സമരത്തെ പിന്തുണച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മറ്റു മന്ത്രിമാരും രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള അനാവശ്യ ഇടപെടലാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്. അതേസമയം കർഷക സമരം പത്താം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പ്രതിഷേധ പരിപാടികളാണ് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി നടക്കുന്നത്.
content highlights: 36 British MPs Support Farmers’ Protest In India; Demand Negotiations On Agriculture Laws