അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന; താമസക്കാരെ എത്തിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിന് സമീപം ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നോളം ഗ്രാമങ്ങള്‍ ചൈന നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സേനകള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായപ്പോഴാണ് ചൈന ഗ്രാമങ്ങള്‍ നിര്‍മ്മിച്ചതെന്നാണ് നിഗമനം.

ഇന്ത്യ, ഭൂട്ടാന്‍, ചൈന അതിര്‍ത്തികള്‍ സംഗമിക്കുന്ന ‘മുക്കവല’യുടെ അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റര്‍ അപ്പുറം ചൈന മേഖലയിലാണ് ഗ്രാമങ്ങള്‍. ഗ്രാമങ്ങളില്‍ ചൈന ആളുകളെ എത്തിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ മേധാവിത്വം നേടാനുള്ള ശ്രമമാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്‍പതോളം നിര്‍മ്മിതികളും, വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങളുമുണ്ടെന്നാണ് സൂചനകള്‍. ഗ്രാമങ്ങളെ ബന്ധിപ്പിച്ച് ടാറിട്ട റോഡുകളുമുണ്ട്. ഗ്രാമങ്ങളിലെ പല വീടുകളും ചുവന്ന മേല്‍കൂരകളുള്ളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: China setup three villages near Arunachal Pradesh