ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകുന്ന ഉത്തരവിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന അലോപ്പതി ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞ് സംസ്ഥാനത്തെ രോഗികൾ. ഒ.പിയിലെത്തുന്ന എല്ലാവർക്കും ഇന്ന് ചികിത്സ കിട്ടില്ലെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡൻ്റ് എസ്.ബിനോയ് അറിയിച്ചു. അത്യാവശ്യ ചികിത്സ വേണ്ടവർ മാത്രമേ ഇന്ന് ആശുപത്രിയിലെത്താവു എന്നും കെജിഎംസിടിഎ അറിയിച്ചിരുന്നു. അവശരായ രോഗികൾ പോലും മടങ്ങിപ്പോകേണ്ട സാഹചര്യമാണ് സംസ്ഥാനത്തെ പല ആശുപത്രികളിലും ഉള്ളത്.
ഒ.പി. ബഹിഷ്കരിച്ചാണ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്. ജില്ല ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമെത്തുന്ന മറ്റ് ജില്ലകളിൽ നിന്നുള്ള രോഗികളടക്കം മടങ്ങി പോകേണ്ട സാഹചര്യമുണ്ട്. അതേസമയം അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ചികിത്സ നൽകുന്നുണ്ട്. വെെകിട്ട് ആറ് മണിവരെയാണ് ഡോക്ടർമാരുടെ ബഹിഷ്കരണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒ.പിയിലെത്തുന്ന രോഗികൾക്ക് ടോക്കൺ നൽകുന്നുണ്ട്. എന്നാൽ ഡോക്ടർമാർ സമരത്തിലായതിനാൽ രോഗികളെ കാണുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളൊന്നും നടത്തില്ലെന്ന് നേരത്തെ ഐഎംഎ അറിയിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യൻ്റ് കെയർ, ഐ.സി.യു, എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാവും.
content highlights: Doctors nationwide strike update