ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ ബാധിക്കില്ല

ദില്ലി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിനെതിരെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള പണിമുടക്ക് നാളെ രാവിലെ ആറ് വരെ തുടരും. സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ പങ്കെടുക്കും. അത്യാഹിതം, തീവ്രപരിചരണം, പ്രസവം തുടങ്ങിയ വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കി.

അലോപതി ഇതര ഡോക്ടര്‍മാര്‍ക്ക് ആധുനിക ചികിത്സ നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയ്ക്കും എംബിബിഎസ് അവസാനവര്‍ഷ പരീക്ഷ പിജി പ്രവേശനപരീക്ഷയായി കണക്കാക്കാനുള്ള നിര്‍ദ്ദേശത്തിനും എതിരെയാണ് സമരം. നിയമം വന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം വരുന്ന മെഡിക്കല്‍ കമ്മീഷനില്‍ 90 ശതമാനം പേരും സര്‍ക്കാര്‍ നോമിനികളാകും. ഈ നിബന്ധനകള്‍ക്കെതിരെയാണ് സമരം.