വാഷിങ്ടണ്‍: വികസ്വര രാജ്യങ്ങളെക്കാള്‍ സമ്പന്ന രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധ വാക്സിന് വാങ്ങികൂട്ടുന്നതായി റിപ്പോര്‍ട്ട്. പൗരന്മാര്ക്ക് ഒന്നിലധികം തവണ വാക്സിന് നല്‍കാനാണ് സമ്പന്ന രാജ്യങ്ങളുടെ ലക്ഷ്യമെന്നാണ് യുഎസിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റി നല്കിയ പഠനത്തില്‍ നിന്നുള്ള സൂചന. സമ്പന്ന രാജ്യങ്ങള്‍ വാക്സിന് അധികമായി സംഭരിക്കുന്നതോടെ വികസ്വര രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും.
കൊവിഡ് വാക്സിന് വിപണിയിലെത്തിയാല്‍ സമ്പന്ന രാജ്യങ്ങളിലേക്കാണ് എത്തുയെന്നാണ് കണക്കുകള്‍ ചൂണ്ടികാട്ടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളിലേക്ക് വാക്സിന് ആവശ്യത്തിന് എത്തില്ലെന്നതിലുപരി ലഭിക്കുന്ന വാക്സിന് രാജ്യത്തെ എല്ലാ പൗരന്മാര്ക്കും നല്കാന് കഴിയില്ലെന്നതുമാണ് വികസ്വര രാജ്യങ്ങളുടെ പ്രതിസന്ധി. യൂറോപ്യന്‍ യൂണിയന് ആറ് സ്ഥാപനങ്ങളില്‍ നിന്നായി 1.36 ബില്ല്യണ്‍ ഡോസുകളാണ് വാങ്ങിയത്. അമേകരിക്ക 1.1 ബില്ല്യണ്‍ ഡോസും കാനഡ ജനസംഖ്യയുടെ അഞ്ചിരട്ടിയിലധികം പേര്‍ക്ക് നല്‍കാനുള്ള വാക്സിനും സംഭരിച്ചിട്ടുണ്ട്.
ഡോസ് കണക്കില്‍ ഇന്ത്യയാണ് ഏറ്റവുമധികം വാക്സിന് വാങ്ങിയത്. എന്നാല്‍ ജനസംഖ്യാനുപാതം നോക്കിയാല്‍ ഇന്ത്യയ്ക്ക് 59 ശതമാനം വാക്സിന് മാത്രമേ ലഭിച്ചിട്ടുള്ളൂ. രാജ്യത്ത് എല്ലാവര്ക്കും വാക്സിന് നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ വാക്സിന് വിതരണം ചെയ്യുക.
Content Highlight: Developed Countries collect more Covid Vaccine than they need, troubling Developing Countries