ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പായില്ല; കാര്‍ഷിക നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കര്‍ഷക സംഘടന

ന്യൂഡല്‍ഹി: പതിനാറാം ദിവസത്തിലേക്ക് നീണ്ട കര്‍ഷക പ്രതിഷേധത്തില്‍ സമവായമാകാതെ വന്നതോടെ സുപ്രീംകോടതിയെ സമീപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍. പുതിയ കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി. എന്നാല്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയാറാകണമെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ആവശ്യം.

ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് ഇപ്പോഴും കേന്ദ്ര മന്ത്രിയുടെ വാദം. എന്നാല്‍ അഞ്ച് വട്ടം കര്‍ഷക സംഘടനകളുമായി കൃഷിമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചര്‍ച്ച നടത്തിയിരുന്നെങ്കിലും നിയമം റദ്ദാക്കുക എന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ആവശ്യം നടപ്പാക്കി കിട്ടും വരെ പ്രക്ഷോഭം തുടരാനുള്ള നിലപാടിലാണ് കര്‍ഷകര്‍.

അതേസമയം, സിംഘു അതിര്‍ത്തിയില്‍ ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിന് കര്‍ഷകര്‍ക്കെതിരെ ഇന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് നാളെ മുതല്‍ കേരളത്തിലും അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ തടയല്‍ സമരം അടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകള്‍.

Content Highlight: Farmers Union to Supreme Court as no solution in Farmers Protest