ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചു.നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഏകപക്ഷീയമാണെന്നും മതിയായ ചര്‍ച്ചകളില്ലാതെയാണ് പാസാക്കിയതെന്നും ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ് ഹര്‍ജിയില്‍ ആരോപിച്ചു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് കര്‍ഷകര്‍ ട്രെയിന്‍ തടയുകയും ഡല്‍ഹി-ജയ്പ്പൂര്‍, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുകയും ചെയ്യും.
തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബി.ജെ.പി ഓഫീസുകളിലേയ്ക്ക് മാര്‍ച്ചും നടത്തും. ഇനിയും ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയുമെന്നും കര്‍ഷകനേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ മുന്നോട്ടുവച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു. ട്രെയിനുകള്‍ തടയുമെന്ന പ്രഖ്യാപനം വന്നതോടെ പഞ്ചാബില്‍ നിന്നുള്ള ചില തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്.
ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തു. സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്. സമരം അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൊസുകളെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇന്നലെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കര്‍ഷകര്‍ ഡല്ഹിഅതിര്ത്തികളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Content Highlight: Farmers Protest Continues








