ന്യൂഡല്‍ഹി: ദമ്പതിമാരെ കുടുംബാസൂത്രണത്തിനു നിര്‍ബന്ധിക്കുന്നതിന് എതിരാണെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. കുടുംബാസൂത്രണത്തിനും നിശ്ചിതഎണ്ണം കുട്ടികളെ ജനിപ്പിക്കാനും ജനങ്ങളെ നിര്‍ബന്ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
കുടുംബത്തിന്റെ വലിപ്പം നിയന്ത്രിക്കുന്നതിന് രണ്ടുകുട്ടികളേ പാടുള്ളു എന്ന നിബന്ധനയോ കൃത്യമായ നിയന്ത്രണമോ വേണമെന്ന പൊതുതാല്‍പര്യഹര്‍ജിയിലെ ആവശ്യം കേന്ദ്രം നിരാകരിച്ചു. അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണു കേന്ദ്രത്തിന്റെ മറുപടി.ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ജനസംഖ്യാ വിസ്ഫോടനം ബോംബ് സ്ഫോടനത്തേക്കാള്‍ അപകടരമാണെന്നും ഭരണഘടനാ അവകാശങ്ങളായ ശുദ്ധവായു, കുടിവെള്ളംം ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം എന്നിവ എല്ലാ പൗരന്മാര്‍ക്കും ലഭിക്കണമെങ്കില്‍ ജനസംഖ്യാനിയന്ത്രണം ഇല്ലാതെ സാധ്യമാകില്ലെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. 2001-2011 കാലത്തെ ഇന്ത്യയിലെ ജനനനിരക്ക് കഴിഞ്ഞ 100 വര്‍ഷത്തിനിടെയുള്ള ഏറ്റവുംകുറഞ്ഞ നിരക്കാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ജനസംഖ്യാ നിയന്ത്രണത്തിന് ഏകാധിപത്യപരമായ നടപടി കൊണ്ടുവരാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളണമെന്നും ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം ആവശ്യപ്പെട്ടു.കുടുംബാസൂത്രണത്തിലെ ബലപ്രയോഗം എതിര്‍ക്കുന്ന 1994-ലെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ കര്‍മ പരിപാടിയില്‍ ഇന്ത്യ ഒപ്പുവെച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Content Highlight: Central Government rejected plea on Family Planning