സിഎഎ ബംഗാളില്‍ ഉടന്‍ നടപ്പാക്കും, സര്‍ക്കാര്‍ എതിര്‍ത്താലും കേന്ദ്രം മുന്നോട്ട് പോകുമെന്ന് കൈലാഷ് വിജയ്വാര്‍ഗിയ

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം (സിഎഎ) പശ്ചിമ ബംഗാളില്‍ ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വാര്‍ഗിയ. സിഎഎ നടപ്പാക്കുന്നതിനെ ബംഗാള്‍ സര്‍ക്കാര്‍ എതിര്‍ത്താലും കേന്ദ്രം മുന്നോട്ട് പോകുമെന്നാണ് പ്രസ്താവന. വടക്കന്‍ 24 പര്‍ഗാനാസിലെ താക്കൂര്‍ നഗറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നാക്കക്കാരായ മാതുവ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് താക്കൂര്‍നഗര്‍. വിഭജനകാലത്തും തുടര്‍ന്നുള്ള ദശകങ്ങളിലും അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറിയ താഴ്ന്ന ജാതി ഹിന്ദു അഭയാര്‍ഥികളാണ് സംസ്ഥാനത്ത് ഗണ്യമായ ജനസംഖ്യയുള്ള മാതുവ സമൂഹം. സ്ഥിര പൗരത്വം മാതുവ സമൂഹത്തിന്റെ ദീര്‍ഘകാല ആവശ്യമായി തുടരുന്നു.

നിയമം നടപ്പാക്കാന്‍ സംസ്ഥാനം പിന്തുണച്ചാല്‍ അത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിവാദമായ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ആര്‍സി) സംബന്ധിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.

Content Highlight: CAA to be implemented in West Bengal soon, says BJP’s Vijayvargiya