ഡോ കഫീൽ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യുപി സർക്കാർ സുപ്രീംകോടതിയിൽ. പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട് പ്രകോപനപരമായി സംസാരിച്ചു എന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമ പ്രകാരം യുപി സർക്കാർ ജയിലിലാക്കിയ ഡോ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി കൊണ്ട് സെപ്റ്റംബർ ഒന്നിനായിരുന്നു അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കിയത്. കൂടാതെ കഫാൽ ഖാനെ തടവിലാക്കിയത് നിയമ വിരുദ്ധമാണെന്നും വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം അലിഗഢ് സർവ്വകലാശാലയിൽ പൌരത്വ ഭേദഗതിക്കെതിരെ പ്രസംഗിച്ചതിനായിരുന്നു ദേശീയ സുരക്ഷാ നിയമ പ്രകാരം കുറ്റം ചുമത്തി ജനുവരി 29 ന് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ ഒരു തെളിവുകളും വിദ്വേഷ പ്രചരണവുമായി ബന്ധപെട്ട യാതൊന്നും പ്രസംഗത്തിലും ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ പല തവണ കുറ്റകൃത്യങ്ങളിൽ ഏർപെട്ട വ്യക്തിയാണ് കഫീൽ ഖാനെന്നും ഇതിന്റെ തുടർച്ചയായി അച്ചടക്ക നടപടിയും ആരോഗ്യ സേവന രംഗത്ത് നിന്ന് പുറത്താക്കുകയും അടക്കമുള്ള നടപടികൾ നേരിട്ടിട്ടുണ്ടെന്നും യുപി സർക്കാർ നൽകിയ ഹർജിയിൽ പറയുന്നുണ്ട്.
2017 ൽ ഓക്സിജൻ കിട്ടാതെ നിരവധി കുട്ടികൾ മരിച്ച സംഭവത്തെ തുടർന്ന് ഗൊരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളേജിൽ നിന്നും കഫീൽ ഖാനെ സസ്പെൻഡ് ചെയ്തിരുന്നു. സർക്കാർ ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടറുകളുടെ അഭാവമാണ് കുട്ടികളുടെ കൂട്ടമരണത്തിന് ഇടയാക്കിയതെന്ന ആരോപണം സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ അദ്ദേഹത്തെ കുറ്റ വിമുക്തമാക്കിയെങ്കിലും പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രസംഗത്തിന്റെ പേരിൽ തടവിലാക്കുകയായിരുന്നു.
Content Highlights; UP govt moves SC challenging Allahabad HC order quashing Dr. Kafeel Khan NSA detention