പട്ടിണിയോട് ജനങ്ങള്‍ പൊരുതുന്നതിനിടെ 1000 കോടിയുടെ പാര്‍ലമെന്റ് മന്ദിരം ആര്‍ക്കു വേണ്ടിയാണ്? പ്രധാനമന്ത്രിക്കെതിരെ ചോദ്യവുമായി കമല്‍ ഹാസന്‍

ചെന്നൈ: കൊവിഡില്‍ രാജ്യത്തെ പകുതി ജനങ്ങള്‍ പട്ടിണിയോട് പൊരുതുന്നതിനിടെ 1000 കോടി രൂപ മുതല്‍ മുടക്കില്‍ പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിക്കുന്നതെന്തിനെന്ന് പ്രധാനമന്ത്രിയോട് ആരാഞ്ഞ് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍. ചൈനയിലെ പഴയ ഭരണ കാലത്തെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിനിടെയായിരുന്നു കേന്ദ്ര നടപടിയെ വിമര്‍ശിച്ച് കമല്‍ ഹാസന്റെ ട്വീറ്റ്.

രാജ്യത്തെ ദുരിതത്തിനിടയിലും ഇത്രയേറെ തുക ചെലവിട്ട് പാര്‍ലമെന്റ് മന്ദിരം പണിയുന്ന സര്‍ക്കാര്‍ നടപടിയെ ചൈനയിലെ വന്‍മതില്‍ നിര്‍മാണവുമായി ബന്ധപ്പെടുത്തിയാണ് കമല്‍ഹാസന്‍ വിമര്‍ശിച്ചത്. ‘ചൈന വന്‍മതില്‍ പണിയുന്ന സമയത്ത് ആയിരക്കണക്കിന് തൊഴിലാളികള്‍ മരിച്ച് വീണപ്പോഴും, രാജാവ് പറഞ്ഞത് ഈ മതില്‍ തൊഴിലാളികളെയും ജനങ്ങളെയും സംരക്ഷിക്കാനാണെന്നായിരുന്നു’വെന്ന് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണെന്ന മറുപടി നല്‍കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു.

നേരത്തെ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെയും കമല്‍ഹാസന്‍ രംഗത്ത് വന്നിരുന്നു. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയോട് പ്രധാനമന്ത്രിയെ താരതമ്യപ്പെടുത്തിയായിരുന്നു അന്നത്തെ കമല്‍ഹാസന്റെ പോസ്റ്റ്. ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധവുമായി തലസ്ഥാനത്ത് തടിച്ചു കൂടിയതിനിടെ വാരണാസി സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിയുടെ വാര്‍ത്ത പുറത്തു വന്നപ്പോഴായിരുന്നു കമല്‍ ഹാസന്റെ പ്രതികരണം.

അതേസമയം, തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചതിന്റെ തിരക്കിലാണ് മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവ് കമല്‍ഹാസന്‍. തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലാണ് പാര്‍ട്ടിയുടെ പ്രചാരണം. മധുരയില്‍ നിന്ന് ഇന്നാണ് പ്രചാരണം ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതുയോഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

Content Highlight: Kamal Haasan on construction of new Parliament building amid Covid struggles