കർഷക പ്രക്ഷോഭം ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിഖ് സമൂഹവുമായുള്ള പ്രത്യേക ബന്ധം വിവരിക്കുന്ന ഇ-മെയിലുകൾ പഞ്ചാബിൽ നിന്നുള്ളവർക്ക് അയച്ചുകൊണ്ടാണ് സർക്കാരിൻ്റെ പുതിയ നീക്കം. 47 പേജുള്ള അറ്റാച്ച്മെൻ്റ് സഹിതമുള്ള ഇമെയിൽ അയച്ചിരിക്കുന്നത് ഇൻ്റൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ആണ്. സിഖുകാർക്കിടയിലെ സർക്കാർ വിരുദ്ധ നീക്കം ഇല്ലാതാക്കി കർഷക സമരത്തിനുള്ള പിന്തുണ ഒഴിവാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നാണ് ആരോപണം.
cim@irctc.co.inല്‍ നിന്നാണ് മെയിൽ അയച്ചിരിക്കുന്നത്. ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ് ഭാഷകളിലാണ് പിഡിഎഫ് അറ്റാച്ചുമെൻ്റുകൾ. ട്രെയിൻ യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകുന്ന മെയിൽ ഐഡികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ലഘുലേഖ ഏതാനും ദിവസം മുമ്പ് ഇറക്കിയതാണെന്നും എല്ലാ സർക്കാർ വകുപ്പുകളും ഇത്തരത്തിൽ ആളുകൾക്ക് മെയിൽ ചെയ്യുന്നുണ്ടെന്നുമാണ് ഐആർസിടിസി പറയുന്നത്. ഈ ലഘുലേഖയിൽ പ്രധാനമന്ത്രിയുടെ നിരവധി ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
content highlights: Amid protest, Centre reaches out to Sikhs by email through IRCTC