ഹത്റാസ് കേസ് റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഗുരുതര ആരോപണവുമായി ഉത്തർപ്രദേശ് സർക്കാർ. സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ ആരോപിച്ചു. ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സിദ്ദിഖ് കാപ്പന് സിമിയുടെ മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്നത്.
പോപ്പുലർ ഫ്രണ്ട് അംഗങ്ങളായ അബ്ദുൾ മുകീത്, മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഫയസൽ, പി. കോയ, ഗൾഫാം ഹസൻ എന്നിവരുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ട്. ഇവരിൽ പലരും സിമിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് സിദ്ദിഖ് കാപ്പൻ ഹത്റാസിലേക്ക് പോയത്. സിദ്ദിഖ് കാപ്പനും സംഘത്തിനും ഹത്റാസ് സന്ദർശിക്കാനുള്ള സൌകര്യങ്ങൾ ഒരുക്കിയത് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫാണെന്നും യുപി സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
കേരള പത്രപ്രവർത്തക യൂണിയനേയും സത്യവാങ്മൂലത്തിൽ ഉത്തർപ്രദേശ് സർക്കാർ വിമർശിക്കുന്നുണ്ട്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ നേരിടുന്ന സംഘടനയാണ് കെയുഡബ്ല്യുജെ എന്നും കേരളത്തിലെ എല്ലാ പത്രപ്രവർത്തകരുടേയും സംഘടനയല്ല ഇതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഉത്തർപ്രദേശ് സർക്കാരിൻ്റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ പത്രപ്രവർത്തക യൂണിയൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സമയം അനുവദിച്ചിട്ടുണ്ട്. ജനുവരിയിൽ ഹർജി വീണ്ടും പരിഗണിക്കും.
content highlights: Siddique Kappan have connections with former executive members of SIMI says up the government in Supreme Court