കൊച്ചി മറെെൻ ഡ്രെെവിൽ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച സംഭവത്തിൽ ഫ്ലാറ്റുടമ ഇംതിയാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. തമിഴ്നാട് സേലം സ്വദേശി കുമാരിയാണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്. തമിഴ്നാട്ടിൽ ജോലിക്കായി എത്തിച്ചശേഷം കുമാരിയെ ഫ്ലാറ്റിൽ പൂട്ടിയിട്ടതിനാണ് ഇംതിയാസിനെതിരെ കേസെടുത്തത്. സംഭവത്തിൽ വനിത കമ്മീഷൻ ഇടപെട്ടതോടെയാണ് പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തി കേസെടുത്തിരിക്കുന്നത്. അതേസമയം ഒളിവിൽ പോയ ഇംതിയാസ് മുൻകൂർ ജാമ്യം തേടി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് പൊലീസ് അറിയിച്ചു.
ഡിസംബർ അഞ്ചിനാണ് ലിങ്ക് ഹൊറെെസൻ അപ്പാർട്ട്മെൻ്റിലെ കാർപോർച്ചിനുമുകളിൽ വീണു പരിക്കേറ്റ നിലയിൽ കുമാരിയെ കണ്ടെത്തിയത്. ആറാം നിലയിൽ സാരി കൂട്ടിക്കെട്ടി താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽ ഏഴ് ദിവസം ചികിത്സയിലായിരുന്ന കുമാരി 13ന് പുലർച്ചെയാണ് മരിക്കുന്നത്. കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ്റെ പരാതിയിലാണ് ഫ്ലാറ്റുടമയ്ക്കെതിരെ കേസെടുത്തത്. കേസിൽ നിന്ന് പിന്മാറാൻ ഇംതിയാസിൻ്റെ ബന്ധുക്കൾ പണം വാഗ്ദാനം ചെയ്തതായി ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മീഷനും രംഗത്തുവന്നിട്ടുണ്ട്. ഫ്ലാറ്റുടമ ഇതിനുമുമ്പ് 14 വയസുള്ള കുട്ടിയെ വീട്ടിൽ നിർത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്.
content highlights: Kochi housemaid death: new case registered for human trafficking