കൊല്‍ക്കത്ത: ബംഗാളിലെ ക്രമസാമാധാന നില കശ്മീരിനെക്കാള് മോശമാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. കഴിഞ്ഞ ദിവസം ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയധ്യക്ഷന്‍ ജെ പി നഡ്ഡക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് ബംഗാള്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഇടയുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസിന്റെ സഹായത്തോടെ ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതായാണ് ബിജെപിയുടെ ആരോപണം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം, ബംഗാളില്‍ അടിയന്തിര മാതൃക പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുദീപ് ജെയിനും തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരും അടുത്ത ദിവസം തന്നെ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ മേല്‍കൈ നേടാനായതോടെ ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാളാണെന്ന് നേരത്തെ പ്രധാനമന്ത്രി തന്നെ പരോക്ഷമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയധ്യക്ഷന്‍ നേരെ ആക്രമണമുണ്ടായത്. ഇതോടെ ബംഗാളുമായുള്ള വൈര്യം കടുപ്പിച്ചെങ്കിലും കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കി കൊണ്ടിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. നേരത്തെയും കേന്ദ്ര സേനയെ വിന്യസിക്കാനുള്ള നീക്കം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇത് തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നും ഇതിനോട് യോജിക്കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചിരുന്നു.
Content Highlight: Bengal BJP writes to EC asks deployment of Central force in state