പൂജ്യം വോട്ടിൽ നടപടി എടുത്ത് സിപിഎം; കൊടുവള്ളി ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

CPM

കൊടുവള്ളി നഗരസഭയിലെ സിപിഎമ്മിൻ്റെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. ഇവിടെ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാര്‍ഥി ഒ.പി. റഷീദിന് പൂജ്യം വോട്ടായിരുന്നു ലഭിച്ചത്. ഇതിനെ തുടർന്നാണ് നടപടിയെന്നാണ് വിവരം. കോഴിക്കോട് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റാണ് തീരുമാനം എടുത്തത്. ചുണ്ടപ്പുറം വാര്‍ഡില്‍ ആദ്യം കാരാട്ട് ഫൈസലിനെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാൻ  തീരുമാനിച്ചിരുന്നത്. കാരാട്ട് ഫൈസലിനെയും കൊണ്ട് സി.പി.എം. ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ രണ്ട് റൗണ്ട് വീടുകളില്‍ കയറി വോട്ടഭ്യര്‍ഥനയും നടത്തി.

ഇതിനിടെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസലിനെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് എല്‍.ഡി.എഫ്. കാരാട്ട് ഫൈസലിനുള്ള പിന്തുണ പിന്‍വലിച്ച് ഒ.പി. റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

നഗരസഭാ 15-ാം ഡിവിഷനില്‍ നിന്ന് മത്സരിച്ച ഫൈസലിന് 73 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ഖാദറിന് 495 വോട്ടും ലഭിച്ചു. ഫൈസലിൻ്റെ അപരനായി മത്സരിച്ച കെ.ഫൈസലിന് പോലും ഏഴ് വോട്ട് കിട്ടിയപ്പോഴായിരുന്നു ഒ.പി റഷീദിന് പൂജ്യം വോട്ട് ലഭിച്ചത്. വിഷയത്തില്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി മോഹനനന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് ചേരുകയും തീരുമാനം ഇന്ന് ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. 

content highlights: CPM dismissed Chundapuram branch of Koduvally Municipality