‘സംസ്ഥാനത്തെ പ്രധാന പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു, പന്തളം സൂചന മാത്രം’; കെ സുരേന്ദ്രൻ

k Surendran about the local body election result

സംസ്ഥാനത്തെ പ്രധാനപെട്ട പുണ്യ സ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പന്തളം അതിനൊരു സൂചനയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പന്തളത്ത് നഗരസഭ ഭരണം നേടിയ ബിജെപി ജനപ്രതിനിധികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ജയ്ശ്രീറാം എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്നും ഭഗവാന്റെ നാമം മതേതരത്വത്തെ തകർക്കുന്നത് എങ്ങനെയെന്നും സുരേന്ദ്രൻ ആരോപിച്ചു. ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ അത് ഈ രാജ്യത്ത് വില പോകില്ല. പാർലമെന്റിനകത്ത് ജയ്ശ്രീറാം വിളികളുയരുന്ന കാലമാണിതെന്ന് നിങ്ങൾ മറക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ദേശ വിരുദ്ധരും ദേശീയവാദികളും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

1200 സീറ്റിൽ ബിജെപിയെ തോൽപ്പിക്കാൻ ഇരു മുന്നണികളും മത തീവ്രവാദികളും ഒന്നിച്ചു തലശ്ശേരിയിൽ ബിജെപിയെ പരാജയപെടുത്താൻ സിപിഎം പല സ്ഥലത്തും കോൺഗ്രസിന് വോട്ട് മറിച്ചു. 70 വോട്ടാണ് ഒരു ജില്ലയിൽ എൽഡിഎഫിന് ലഭിച്ചത്. തിരുവനന്തപുരത്ത് കോൺഗ്രസ് വോട്ട് മറിച്ചു. ഇരു മുന്നണികളും ഒരുമിച്ചത് സ്വാഗതാർഹമായ കാര്യമാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളർച്ചയാണ് ഇത് കാണിക്കുന്നതെന്നും സുരേന്ദ്രൻ അവകാശപെട്ടു.

സംസ്ഥാനത്തെ പ്രധാന പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു. തിരുവല്ലം പരശുരാമ ക്ഷേത്രം, ശ്രീപദ്മനാഭന്റെ സന്നിധി, പന്തളം, ശബരിമല ക്ഷേത്ര സ്ഥിതി ചെയ്യുന്ന വാർഡ്, ചെങ്ങന്നൂർ ദേവീക്ഷേത്രം, ഗുരുവായൂർ ക്ഷത്രം, ശിവഗിരി, പെരുന്ന, അയ്യങ്കാളി സ്മൃതി മന്ദിരം തുടങ്ങിയ സ്ഥലങ്ങളിൽ ബിജെപിയാണ് ജയിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.

Content Highlights; k Surendran about the local body election result