ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികള്‍ കര്‍ഷക സമരം 25-ാം ദിവസത്തിലേക്ക് കടന്നു. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാടിലാണ് കര്‍ഷകര്‍. അതേസമയം, കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നു.
കര്‍ഷക സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഒരുതരത്തിലുള്ള സമവായത്തിനും ഇതുവരെ വഴി തെളിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കര്‍ഷകര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയതോടെ കേന്ദ്രസര്‍ക്കാറും കര്‍ഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്രകൃഷിമന്ത്രിയെ കണ്ടത്.
മൂന്നു ദിവസത്തിനകം കര്‍ഷകരുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ സംസാരിക്കാന്‍ തയാറാകണമെന്നും ‘യെസ്’, ‘നോ’ മറുപടികള്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. സുപ്രിംകോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. ഡല്‍ഹി- ആഗ്ര , ഡല്‍ഹി -രാജസ്ഥാന് ദേശീയപാത ഉപരോധവും, തിക്രി, ഗാസിപൂര്‍, ചില്ല അതിര്‍ത്തികളില്‍ സമരവും ശക്തമായി തുടരുകയാണ്.
Content Highlights: Center ready to talk with the farmers as strike continues