ശോഭാ സുരേന്ദ്രന്റെ പരാതികൾ ഗൌനിക്കാതെ മുന്നോട്ട് പോകാൻ കെ സുരേന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം. ബിജെപി കേന്ദ്ര നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന ശോഭ സുരേന്ദ്രന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുരേന്ദ്രന്‍ വിഭാഗം ദേശീയ നേതാക്കളെ അറിയിച്ചു. ആറ്റിങ്ങൽ, പാലക്കാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുവാൻ ശോഭാ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വമുൾപെടെ ആവശ്യപെട്ടിട്ടും പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രചരണത്തിനിറങ്ങില്ല എന്നായിരുന്നു ശോഭ സുരേന്ദ്രൻ അറിയിച്ചത്.
ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് ശേഷം ഇനി ഒത്തു തീർപ്പ് ആവശ്യമില്ലെന്ന കര്‍ശന നിലപാടിലേക്ക് സുരേന്ദ്രന്‍ പക്ഷം നീങ്ങിയത്. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശവും ശോഭ പാലിക്കാത്തതിനാൽ അവരും ഇനി ഇടപെടില്ലെന്നാണ് സുരേന്ദ്രൻ പക്ഷം വിലയിരുത്തുന്നത്. എന്നാല്‍ ഈ മാസം 27 ന് ശേഷം പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് ശോഭാ സുരേന്ദ്രനോടൊപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. മാത്രവുമല്ല തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ സുരേന്ദ്രന്‍ പക്ഷം മനഃപൂര്‍വം ശോഭാ സുരേന്ദ്രനെ ഒഴിവാക്കുകയാണെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.
Content Highlights; K Surendran against Shobha Surendran