മുസ്ലീം ലീഗ് വർഗീയ പാർട്ടി തന്നെ; മതമൗലികവാദത്തിലേക്ക് നീങ്ങുന്നുവെന്നും എ. വിജയരാഘവൻ

A. Vijayaraghavan against Ramesh Chennithala

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലീങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും ഈക്കാര്യമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതെന്നും വിജയരാഘവൻ പറഞ്ഞു. ലീഗിനെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹ താല്‍പ്പര്യത്തിലുള്ള രാഷ്ട്രീയ നിലപാടാണ് മുഖ്യമന്ത്രിയുടേത്. കേരളത്തില്‍ മതമൗലികവാദം വളരാന്‍ പാടില്ല. ലീഗ് ശ്രമിച്ചത് എല്ലാ വര്‍ഗീയതയ്ക്കുമൊപ്പം സന്ധിചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്. സ്വന്തം വര്‍ഗീയ വാദത്തിൻ്റെ കരുത്തില്‍ കേരളത്തെ നിയന്ത്രിക്കുകയെന്ന നിഗൂഢ താത്പര്യം ലീഗിനുണ്ട്. കോണ്‍ഗ്രസ് അതിന് വിധേയമാകും. എന്നാല്‍ കേരളീയ സമൂഹം അതിനെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യും. അദ്ദേഹം പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ തികച്ചും അവസരവാദപരമായ രാഷ്ട്രീയമാണ് ലീഗ് സ്വീകരിച്ചത്. ബിജെപിയുമായും ലീഗ് സന്ധി ചെയ്തു.. കോണ്‍ഗ്രസ് ഇതിൻ്റെ ഫലം പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചതിലുള്ള വിഷമം കൊണ്ടുള്ള ചില പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് ലീഗ് നേതാക്കളില്‍ നിന്നുണ്ടാകുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. 

content highlights: Muslim League is a Communal Party, Alleges CPM State Secretary A VijayaRaghavan