കൊച്ചി: സ്വര്‍ണക്കടത്തിന്റെ മറവില്‍ നടന്ന കളളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം നല്‍കുക. ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ സംഘവും ചേര്‍ന്നാണ് സ്വര്‍ണം കടത്തിയതെന്നും ലോക്കറിലെ ഒരുകോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന് ഇടപാടില്‍ ലഭിച്ച കോഴയാണെന്നും വ്യക്തമാക്കിയായിരിക്കും കുറ്റപത്രം.
ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ട് അറുപത് ദിവസത്തിലേക്ക് കടക്കുകയാണ്. ശിവശങ്കര്‍ സ്വാഭാവിക ജാമ്യത്തിലേക്ക് നീങ്ങുന്നത് തടയാനാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍ നിന്ന് എന്‍ ഐ എ കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന് ഇടപാടില്‍ ലഭിച്ച കോഴയാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഇത് സ്വപ്നയുടെ പണമാണെന്ന് വരുത്തിതീര്‍ത്ത് രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു ശിവശങ്കര്‍.
സര്‍ക്കാര്‍ പദ്ധതികളായ കെ ഫോണിന്റെയും ലൈഫ് മിഷന്റെയും നിര്‍ണായക വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്ന സുരേഷുമായി പങ്കുവച്ചിരുന്നു. യുണീടാക് ഉടമ സന്തോഷ് ഈപ്പനെ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചതായും ഇ ഡി സമര്‍പ്പിച്ച കോടതി രേഖകളില്‍ വ്യക്തമാക്കുന്നു. ഇതെല്ലാം മുന്‍നിര്‍ത്തിയാവും കുറ്റപത്രം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് എന്‍ ഐ എയും കസ്റ്റംസും ജാമ്യം നല്‍കിയതിന് പിന്നാലെ സന്ദീപ്, സരിത്ത്, സ്വപ്ന എന്നിവര്‍ക്കെതിരെ ഒക്ടോബര്‍ എഴിന് ഇ ഡി ആദ്യ കുറ്റപത്രം നല്‍കിയിരുന്നു.
Content Highlight: ED to file Charge sheet against M Sivasankar today